നെന്മാറ-വല്ലങ്ങി വേല --
നെന്മാറ-വല്ലങ്ങി വേല --
ഋഷികേശ് ബാബു
I MA History
കുറച്ചുനാളായി മനസ്സിൽ കുറിച്ചിട്ടതാണ് നെന്മാറ വേല കാണണമെന്ന്. തൃശൂർ ജില്ലയിൽ P. G പഠനം ആരംഭിച്ചത് മുതൽ മനസ്സ് പൂരങ്ങളിലും വേലകളിലും ലയിച്ചുപോകുന്നതായി എനിക്ക് തോന്നാറുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ പാലക്കാട് കൽപ്പാതിയിൽ ചെന്ന് രഥോത്സവം കണ്ടത് മനസ്സിൽ മായാതെ കിടക്കുന്നു. പല ദേശ-ഭാഷ - സംസാരങ്ങൾ ഒത്തുചേരുന്നിടം. ഒന്നാലോചിച്ചാൽ ഈ പൂരങ്ങളും ഉത്സവങ്ങളും തെയ്യവും ഒക്കെയല്ലേ നമ്മളെ ഇങ്ങനെ ഇന്നും ഈ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നത്. പൂരങ്ങളും തെയ്യവും എല്ലാം എന്നെ ഇത്രയേറെ ആകർഷിക്കാനുള്ള മറ്റൊരു കാരണം അതിന്റെ എല്ലാം ഗ്രാമീണ പശ്ചാത്തലമാണ്. കൂടുതലും കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലോ അല്ലെങ്കിൽ കാവുകളിലും ആയിരിക്കും ഇവ നടക്കുന്നത്. പണ്ട് കണ്ടെത്തിലെ തെയ്യത്തിന്റെ തലേന്ന് അച്ചാച്ചന്റെ കയ്യും പിടിച്ച് കണ്ടത്തിലേക്ക് നടക്കും, കണ്ടെത്തൂട് അടുക്കുന്നതിനനുസരിച്ച് ഇരുട്ട് കുറഞ്ഞു വരികയും പലനിറത്തിലുള്ള കളർ ബൾബുകൾ മിന്നിത്തിളങ്ങുകയും ചെയ്യും. കണ്ടെത്തിലെ ഒരു കോണിലായി നാളത്തെ തെയ്യത്തിന്റെ പുറപ്പാടിനുള്ള കനലിനു വേണ്ടി മരക്കുട്ടകൾ കത്തുന്നുണ്ടാവും.പലനിറത്തിലുള്ള ബലൂണുകൾ കളിപ്പാട്ടങ്ങൾ ചെറുതും വലുതുമായ ഐസ്ക്രീം വണ്ടികൾ, അന്നാട്ടിലുള്ളോരെല്ലാം എവിടെ ആണെങ്കിലും അന്നേ ദിവസം അവരെല്ലാം നാട്ടിലുണ്ടാകും. കണ്ടത്തിലൊരു കോണിലായി ബോഡ് വര നടക്കും, വ്യത്യസ്ത അക്കങ്ങൾ നിറഞ്ഞ ബോർഡുകൾ, നമ്പർ കുലുക്കി കുടുക്കയിൽ നിന്നും വിളിച്ചു പറയുന്നവർ ബോർഡിൽ നെറുകയും കുറുകയും വരവരച്ച് മുന്നേറുമ്പോൾ പെട്ടെന്നായിരിക്കും" പ്രയ്‌സ് " എന്ന ശബ്ദം ഉയരുക. ബോർഡുകൾ പരിശോധിച്ചതിനുശേഷം സമ്മാന വിതരണം. ഇതിനിടയിൽ ഞങ്ങൾ കുട്ടികൾക്ക് പ്രവേശമില്ലാത്ത ചട്ടികേന്ദ്രങ്ങൾ, പൈസ വെച്ചുള്ള കളിയാണ് ചട്ടി. അങ്ങോട്ട് ഒന്ന് ചെല്ലാം എന്നുവെച്ചാൽ മാമനോ അച്ചാച്ചനോ കണ്ടാൽ തീർന്നു. കുറച്ചു അകലെ നിന്ന് ആകാംഷയോടെ എന്താ നടക്കുന്നെ എന്ന് നോക്കിക്കാണും.കണ്ടത്തിലെ തെയ്യത്തിന്റെ മറ്റൊരു പ്രധാന ആകർഷണം ഗാനമേളകൾ ആണ്. ഗാനമേള കാണുന്നതിനായി എല്ലാരും കണ്ടത്തിൽ ന്യൂസ് പേപ്പറും വിരിച്ച് ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും.എല്ലാം കഴിഞ്ഞാൽ 12 മണിയോടെ കാഴ്ച്ച വരവിനുള്ള സമയമാണ്. വെടിക്കെട്ടിന്റെ അകമ്പടിയോടെ കാഴ്ച കണ്ടത്തിൽ പ്രവേശിക്കും. പിന്നെ തെയ്യത്തിന്റെ പുറപ്പാടിനാ യുള്ള കാത്തിരിപ്പാണ്. പുലർച്ചെയാണ് തെയ്യത്തിന്റെ പുറപ്പാട്. ചുറ്റിലും പന്തം കത്തിച്ച് കൊണ്ടുള്ള പുതിയ ഭഗവതിയുടെ പുറപ്പാട് കാണേണ്ട കാഴ്ചയാണ്. കെട്ടകാലം ഒഴിയാനും നാട്ടിലുളോർക് സമ്പൽസമൃദ്ധി ലഭിക്കുവാനും തെയ്യക്കോലങ്ങൾ അനുഗ്രഹം ചൊരിയുന്നു.
വെക്കേഷൻ സമയമാണ്, പോരാത്തതിന് ചൂടും. നീ ഇന്നലെ ഇങ്ങ് വന്നതല്ലേ ഉള്ളു അപ്പോഴേക്കും പോകാണോ.. അമ്മയിൽ നിന്നും ഇടതടവില്ലാതെ ചോദ്യങ്ങൾ വന്നുകൊണ്ടേ ഇരിക്കുന്നുണ്ട്. പാലക്കാടൊക്കെ നല്ല ചൂടല്ലേ മോനേ അമ്മ പിന്നേം പറഞ്ഞു, എന്നാൽ ഞാൻ മനസ്സാൽ നെന്മാറ വേലക്കായ് ഒരുങ്ങി കഴിഞ്ഞു, അച്ഛൻ പൊതിഞ്ഞു തന്ന പൊതിച്ചോറും എടുത്തു ബാഗും തൂക്കി ഞാൻ വീട്ടിന്ന് ഇറങ്ങി. ട്രെയിൻ വടക്കേ മലബാർ കടന്ന് വള്ളുവനാട് താണ്ടി പാലക്കാടേക്ക്... ട്രയിനിൽ അടുത്തിരുന്നത് ഒരു കാഞ്ഞങ്ങാട്ടു കാരൻ ആണ്, കാഴ്ചയിൽ ഒരു 50 വയസ്സ് തോന്നിക്കുന്ന അദ്ദേഹത്തിന്റെ ഉദ്ദേശവും മറ്റൊന്നല്ല, നെന്മാറ-വല്ലങ്ങി വേല തന്നെ.ഇത്ര ദൂരം ഈ വേല കാണാൻ പോകുന്ന നിനിക്ക് ഓക്കേ മാനസികം ആണെന്ന് പറഞ്ഞ അമ്മയുടെ വാക്കുകൾ ആ സമയം എന്റെ മനസ്സിൽ പതിയുകയും ചുണ്ടിൽ ചിരി പടർത്തുകയും ചെയ്തു. കാഴ്ചകൾ മിന്നി മറയുന്നു, ട്രെയിൻ 5.30 യോടെ പാലക്കാട് എത്തിച്ചേർന്നു. പാലക്കാട് ഇറങ്ങി നെന്മാറക്കുള്ള ബസ്സിൽ സീറ്റ് ഉറപ്പിച്ചു.
ബസ്സ് കൽപ്പാത്തി പുഴയും കടന്ന് വേഗത്തിൽ നെന്മാറ ലക്ഷ്യമാക്കി നീങ്ങി. വേല നടക്കുന്നത് കൊണ്ട് തന്നെ ബസ്സ് നെന്മാറ വരെ പോകില്ല,3 കിലോമീറ്റർ നടക്കേണ്ടത് ഉണ്ട്, ബാഗും തൂക്കി നടത്തം ആരംഭിച്ചു. വേലപ്പറമ്പ് അടുക്കുന്നത്തോടെ തിരക്കും കൂടി.റോഡിന് ഇരുവശവും കച്ചവടക്കാർ കയ്യേറിയിട്ടുണ്ട്, നീണ്ടുകിടക്കുന്ന ചന്തകൾ, 6 മണിക്ക് ആരംഭിക്കും എന്ന് പറഞ്ഞ പകൽ വെടികെട്ടു ആരംഭിച്ചത് 7.30 മണിക്കാണ്, ജനസാഗരം എന്ന വാക്കിന്റെ അർത്ഥം അക്ഷരം പ്രതി ഞാൻ അനുഭവിച്ചറിയുകയായിരുന്നു. പാലക്കാടൻ ചൂടും, ആൾക്കുട്ടവും, വെടിക്കെട്ടിനായുള്ള കാത്തിരിപ്പും ആകെ ബഹളമയം. വെടിക്കെട്ടിന് തുടക്കം കുറിച്ചത് വല്ലങ്ങി ദേശക്കാർ ആയിരുന്നു, പതിയെ തുടങ്ങി ഉഗ്ര സ്‌ഫോടനത്തോടെ അവസാനിക്കുന്ന വെടികെട്ട്, വല്ലങ്കികാരുടെ കഴിഞ്ഞ് നെന്മാറ ദേശത്തിന്റെ ഊഴം വല്ലങ്ങി ദേശം എവിടെ നിർത്തിയോ അവിടെ തുടങ്ങിയ നെന്മാറ ദേശക്കാരുടെ വെടികെട്ട്, വെടിക്കെട്ടിന്റെ കൂടെയുള്ള ആൾക്കാരുടെ ആർപ്പുവിളികളും, പകൽ വെടികെട്ട് ഇങ്ങനെ ആണെങ്കിൽ പുലർച്ചെ എങ്ങനെ ആയിരിക്കും എന്നതാണ് എന്നിൽ ഉയർന്ന വന്ന പ്രധാന ചോദ്യം! വേല പരിസരത്തെവിടെയും മൊബൈൽ ഫോണിന് റേഞ്ച് ഇല്ല, കൂടെ പരിചയക്കാർ ആരുമില്ല, അല്ലെങ്കിലും ഈ ഏകാന്തത എനിക്ക് ഇഷ്ടവും ആണ്. ഓടിട്ട ചെറിയ വീടുകൾ, ചെമ്പരത്തിയിന്റെയും മറ്റും ചില്ലകൾ ചേർത്തൊരുക്കിയ വേലികൾ, കഥകളിൽ മാത്രം കേട്ടറിഞ്ഞ യക്ഷിപ്പനകൾ. പനിയുടെ മുകളിലെ വൈഡൂര്യവും അതിനു കാവൽ നിൽക്കുന്ന സുന്ദരിയായ യക്ഷിയും കുഞ്ഞുനാളിൽ അമ്മൂമ്മയിൽ നിന്ന് കേട്ടറിഞ്ഞ കഥകളാണ്. കാളനും, പാനിപൂരിയും, ബിരിയാണിയും നിറഞ്ഞുനിൽക്കുന്ന ചെറിയ ചെറിയ ഫുഡ്സ്റ്റാളുകൾ. വെടിക്കെട്ടിന് ശേഷം പ്രേത്യേക പരിപാടികൾ ഒന്നുമില്ല, വേലപ്പറമ്പാകെ ചുറ്റിനടന്നു, ഇരു ദേശക്കാരും കെട്ടിയ വേലപ്പന്തൽ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്നു. ഈ സമയം എന്റെ കൂടെ തൃശൂർ താമസിക്കുന്ന രണ്ട് ചേട്ടൻമാർ കൂടെ ചേർന്നു, ഡിചേട്ടനും(ഇങ്ങനെ ഒരു പേര് വേറെ ആർക്കും ഉള്ളതായി അറിവില്ല )ആരോമലേട്ടനും . അവർ കൂടെ വന്നതോടെ കാര്യങ്ങൾ ഒന്നൂടെ രസകരം ആയി, പുലർച്ചെ ഉള്ള വെടിക്കെട്ടിന് ഇപ്പോഴേ സ്ഥലം പിടിക്കണം, സമയം 3 ഓട് അടുക്കുന്നു. വേലപ്പറമ്പിലേക് ആളുകൾ ഒഴുകുകയാണ്, അതിനിടയിൽ ഞങ്ങളും.. അവസാനം നിൽക്കാൻ ഒരു സ്ഥലം കണ്ടെത്തി പിന്നെ കാത്തിരിപ്പാണ്.... 3.30 എന്ന് പറഞ്ഞ വെടികെട്ടു തുടങ്ങിയപ്പോഴേക് സമയം 5.30 ആയിരുന്നു. കാലിന് നല്ല വേദന അനുഭവപ്പെടാൻ തുടങ്ങിയിരുന്നു, കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഇക്കുറി നെന്മാറ ദേശം ആണ് വെടികെട്ടു തുടങ്ങിയത്. എന്നാൽ വെടികെട്ടു പ്രതീക്ഷിചത്ര നന്നായില്ല, പിന്നെയും കാത്തിരിപ്പ്, കാത്തിരിപ്പ് വെറുതെ ആയില്ല നെന്മാറ കാരുടെ വെടിക്കെട്ടിന്റെ ഷീണം തീർക്കാൻ എന്നോണം വല്ലങ്ങി ദേശക്കാർ സ്ഫോടനം തന്നെ സൃഷ്ടിച്ചു. വെടികെട്ടു കണ്ട് പരസ്പരം നോക്കി നിന്ന നമ്മളോട് അവിടുത്തെ ചേട്ടൻ പറയിണ്ടായി, ഇതൊക്കെ വെറും കണ്ണിൽ പൊടി ഇടലല്ലേ.. പണ്ടൊക്കെ വെടികെട്ട് എന്ന് പറഞ്ഞ ഇവിടെ ചുറ്റിനും കുലുങ്ങും , ആളുകൾ പേടിച്ച് ഓടും, നിയമങ്ങൾ കർശനമാക്കിയതോടെ വെടിക്കെട്ടിന്റെ ഗാംഭീര്യവും കുറഞ്ഞു. വെടിക്കെട്ട് കഴിഞ്ഞതേ ഓർമ്മയുള്ളൂ, റോഡിലൂടെ ജനപ്രവാഹം തന്നെയായിരുന്നു, അതിനിടയിലൂടെ പാലക്കാടേക്കുള്ള ആദ്യ ബസ് പിടിക്കുവാൻ ഞാനും മത്സരിച്ചു. ചേട്ടന്മാർ എന്നെ ബസ്സ് കയറ്റിവിട്ട് തിരികെ തൃശൂർക്ക് പോയി, തുടർന്നുള്ള ബസ്സ് യാത്രയിൽ ഇന്നലത്തെ ഓർമ്മകൾ മാത്രം ആയിരുന്നു മനസ്സിൽ. ഇത്തരത്തിലുള്ള യാത്രകൾ എനിക്ക് സമ്മാനിക്കുന്ന മറ്റു ചിലതുണ്ട്, മുഖ പരിചയം പോലുമില്ലാത്ത നിരവധി ആളുകൾ, ഒരു ചിരിയിലൂടെ തുടങ്ങി ചിലപ്പോൾ സമകാലിന രാഷ്ട്രീയത്തിലേക്ക് വരെ നീളുന്ന സംഭാഷണങ്ങൾ, പാലക്കാടൻ ഭാഷ എന്ത് രസമാണ്.. കണ്ട കാഴ്ചകൾക്കും അനുഭവിച്ച നിമിഷങ്ങൾക്കും ഈ നാടിനോട് നന്ദി പറയുന്നു.
എന്ന് സ്വന്തം
ഋഷികേശ് ബാബു
നല്ല എഴുത്ത്. ഇനിയും യാത്രകളും എഴുത്തുകളും തുടരട്ടെ. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. പ്രത്യേകിച്ച് ഒറ്റക്കുള്ള യാത്രകൾക്ക് തികച്ചും ഭംഗിയേറെയാണ്.
മറുപടിഇല്ലാതാക്കൂ