ചലച്ചിത്രോത്സവം

 IFFK 2024



Aswanth Santhosh

MA Malayalam

വേട്ടപ്പട്ടികളുടെ ലോകം 

ഏറെ പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് കൊടുങ്ങല്ലൂരില്‍  വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം IFF@K യുടെ ഭാഗമായത് .ബിരുദാനന്തര ബിരുദ പഠനകാലം ഇത്തരത്തിലുള്ള സർഗ്ഗവേദികൾ എല്ലാം തന്നെ അനുഭവിച്ചറിയണം എന്ന് തീരുമാനിച്ചുറപ്പിച്ചതിന്റെ ഭാഗം കൂടിയാണ് മാർച്ച് 7 മുതൽ 10 വരെ കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി സിനിമാസിലേക്ക് ഞങ്ങളെ എത്തിച്ചതും.  കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെയും ലക്ഷ്മി ജ്വല്ലറിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രോത്സവം നാലുദിവസവും മുടങ്ങാതെ തന്നെയാണ് ആസ്വദിച്ചത് .നാല് ദിവസങ്ങളായി 30 ചലച്ചിത്രങ്ങളാണ് രണ്ട് സ്ക്രീനുകളിലായി പ്രദർശിപ്പിച്ചത് .എന്നാൽ 15 ചലച്ചിത്രങ്ങൾ മാത്രമാണ് കാണാനും ആസ്വദിക്കാനും വിലയിരുത്താനും കഴിഞ്ഞത്. ഓരോ ദിവസവും പുതിയ പുതിയ അനുഭവതലങ്ങൾ തന്നെയാണ് IFF@K സമ്മാനിച്ചത്.

 

ഒന്നിനൊന്ന് വ്യത്യസ്തമായതും മികച്ചതുമായ  ഒട്ടനവധി ചലച്ചിത്രങ്ങൾ കൊണ്ട് ചലച്ചിത്രോത്സവത്തിന്റെ വേദി ധന്യമായിരുന്നു. വിം വെൽഡേ സംവിധാനം ചെയ്ത ജപ്പാൻ ചലച്ചിത്രം പെർഫെക്റ്റ് ഡേയ്സ്, ഇൽക്കർ കാടകിന്റെ ജർമ്മൻ ചലച്ചിത്രം ദ ടീച്ചേഴ്സ് ലോഞ്ച്,ആനന്ദ് ഏകർഷിയുടെ മലയാള ചലച്ചിത്രം ആട്ടം എന്നിവയെല്ലാം തന്നെ പ്രേക്ഷക പിന്തുണ ലഭിച്ച ചലച്ചിത്രങ്ങൾ ആയിരുന്നു .ഓരോ ചലച്ചിത്രവും പുതിയ ചിന്തയെയും പ്രകാശത്തെയുമാണ് എന്നിലേക്ക് ഒഴുക്കിവിട്ടത് .അത്തരത്തിൽ എന്നെ പിടിച്ചിരുത്തിയ നിരവധി ചിത്രങ്ങൾ ഉണ്ടായിരുന്നു .അതിലൊന്നാണ് IFF@K യുടെ നാലാം ദിവസം എന്നെ ചിന്തിപ്പിച്ച ചിരിപ്പിച്ച ചലച്ചിത്രം 'വേട്ടപ്പട്ടികളും ഓട്ടക്കാരും'.90 മിനിറ്റ് മാത്രം ദൈർഘ്യമുള്ള മലയാള ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാരീഷ്.ജിയാണ്.

'എന്റെ കന്യകാത്വം വിൽപ്പനയ്ക്ക് ആവശ്യമുള്ളവർ ബന്ധപ്പെടുക ' എന്ന ഒറ്റ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് കനി എന്ന കോളേജ് വിദ്യാർഥിനി കേരള


ത്തില്‍ തരംഗമാവുകയാണ്. കാമത്തിന്റെ സുഖത്തിന്റെ രസത്തിന്റെ എന്തിന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും എന്നുവേണ്ട എല്ലാത്തിന്റെയും കുറുക്കൻ കണ്ണുകൾ ആ പോസ്റ്റിന്റെ കമന്റ് ബോക്സിൽ വന്നുനിറയുന്നു. വാർത്ത സത്യമാണോ മിഥ്യയാണോ എന്നറിയാതെ പലരും ഇല്ലാത്ത  കുതിരക്കൊമ്പുകൾക്ക് വേണ്ടി ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് കടന്നുവന്നു .വീണു കിട്ടിയ എല്ലിന്‍ കഷ്ണം പോലെ മാധ്യമങ്ങൾ, അന്തി ചർച്ചകൾ വച്ച് തങ്ങളുടെ ധർമ്മം പുലർത്തി. ചർച്ചയിലെ സംസ്കാര സംരക്ഷകരും വിരുദ്ധരും വിലക്കപ്പെട്ട കനിക്കൊപ്പം നിൽക്കാനും പിന്നീട് കീഴ്മേൽ മറിയാനും മടിച്ചില്ല.' മേരെ പ്യാരി ദേശ് വാസി'യുടെ നോട്ട് നിരോധന പ്രതിസന്ധിയിൽ ലക്ഷങ്ങളുടെ വാഗ്ദാനത്തിനിടിവ് വന്നെങ്കിലും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും  സ്വകാര്യതയുടെയും ലംഘനത്തിനെതിരെ ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദത്തിനേൽക്കുന്ന  ആൾക്കൂട്ടാക്രമങ്ങൾക്കെതിരെ വെറും വാക്കാകാത്ത പ്രത്യയശാസ്ത്രം കൊണ്ട് സമരം ചെയ്ത പെൺകുട്ടിയുടെ കഥ പറഞ്ഞ് വേട്ടപ്പട്ടികളും ഓട്ടക്കാരും എന്ന ചലച്ചിത്രം അന്താരാഷ്ട്രതലത്തിൽ മലയാള സിനിമയുടെ ഇടം വ്യക്തമായി അടിവരയിട്ട് അടയാളപ്പെടുത്തി.

 





കലാപങ്ങൾക്ക് അറുതിയില്ലാത്ത മതാധിപത്യത്തിന്റെ ഫാസിസ്റ്റ് കോമരങ്ങൾ അരങ്ങുവാഴുന്ന കാലത്ത് IFF@K ഒരു മാതൃക തന്നെയാണ് .സ്വന്തം രാജ്യം വിട്ട് പലായനം ചെയ്ത അഭയാർത്ഥികളോടും അധിനിവേശത്തിന്റെ ഇരുട്ടു മുറികളിൽ മരണപ്പെട്ടവരോടും അടിച്ചമർത്തപ്പെട്ടവരോടും ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും കറുത്ത ദിനങ്ങൾ ഏറെ സമ്മാനിക്കുന്ന യുദ്ധങ്ങളോടും വംശീയഹത്യകളോടും മയക്കു മരുന്നിനോടും പ്രകൃതി ചൂഷണത്തോടും മഴവിൽ നിറങ്ങൾക്ക് കടിഞ്ഞാണിടുന്നവരോടും കടുത്ത പ്രതിഷേധം ഉയർത്തുകയും  മാത്രമല്ല ഭൂമിയേയും പ്രകൃതിയേയും മനുഷ്യബന്ധങ്ങളേയും സ്നേഹം കൊണ്ട് തന്നെ കീഴടക്കണെമന്ന് 'നിശബ്ദത വെടിയുക വൈവിധ്യങ്ങളെ ആഘോഷമാക്കുക' എന്ന് കൊടുങ്ങല്ലൂരിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ അഭിവാദ്യം ചെയ്യുമ്പോൾ  ഓരോ ചലച്ചിത്രത്തിന്റെയും കാതൽ സൂക്ഷ്മമായി മനസ്സിലാക്കിയ പ്രേക്ഷകരിൽ പത്തിൽ ഒരാളെങ്കിലും  മനുഷ്യനിൽ നിന്നും ഒരു പടി മുകളിലേക്ക് ചിന്തിക്കുന്ന മജ്ജയും മാംസവുമുള്ള ഒന്നായി മാറിയിട്ടുണ്ടാകും എന്നതുകൊണ്ടുതന്നെ 'മണിതർ ഉണർന്നുകൊള്ളെെ

ഇത് മാനിത കാതൽ അല്ല

അതയും താണ്ടി പുനിതാമാനത്തു

പുനിതമാനത്തു' എന്ന് പ്രത്യഭിവാദ്യം ചെയ്യാനാകും.



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീവൻ ഇല്ലാത്ത പ്രണയം