അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊടുങ്ങല്ലൂർ




IFFK 2024

കൊടുങ്ങല്ലൂർ അന്താരാഷ്ട്ര  ചലച്ചിത്രോത്സവം  

വിഷ്ണു പ്രസാദ്

രണ്ടാം വര്‍ഷ എം.എ ഹിസ്റ്ററി


സിനിമ മനുഷ്യത്വത്തിനുവേണ്ടി


സിനിമ എന്നു കേൾക്കുമ്പോൾ ഓർമ്മവരുന്നത് 2001 ൽ റിലീസ് ചെയ്ത 'കരുമാടിക്കുട്ടൻ' എന്ന മലയാള ചലച്ചിത്രമാണ്. അന്ന് വീട്ടിൽ ഇന്നത്തെ പോലെയുള്ള കളർ ടീവിയൊന്നും ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് അന്നത്തെ ഫിലിപ്സിന്റ ഒരു ചെറിയ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയായിരുന്നു. അതിൽ ആന്റിന ഘടിപ്പിച്ചുകൊണ്ട് അടുത്ത അയല്പക്കത്തെ വീട്ടിൽ നിന്നും ചോർത്തിയെടുത്തുകൊണ്ട് സിനിമകളും ടിവി പരിപാടികൾ കണ്ടതും ഇന്നും ഓർമ്മിക്കുന്നു. പിന്നീട് വർഷങ്ങൾക്കിപ്പുറം സിനിമയുടെ മായാലോകം തീർത്ത തിയേറ്ററുകളിലേക്ക് കയറി ചെല്ലുന്നത് തികച്ചും അത്ഭുതമായിരുന്നു. ഇന്ത്യൻ സിനിമകൾ മുതൽ പാശ്ചാത്യ സിനിമകൾ വരെ ടീവിയിൽ കണ്ടിരുന്ന ഒരു ബാല്യം പിന്നീട് യൗവനം ആഘോഷമാക്കുന്നത് ഈ മാസ്മരിക ലോകത്താണ്. ഇഷ്ട്ട നടന്മാരുടെ സിനിമകൾ മാത്രം കണ്ടു തുടങ്ങിയ ഞാൻ പിന്നീട് അറിയപ്പെടാത്തതും അഭിനയ മികവുള്ളവരുടെയും സിനിമകൾ കണ്ടു തുടങ്ങി. ബിരുദ പഠന കാലത്താണ് ഫിലിം ഫെസ്റ്റിവൽ പോലുള്ള വേദികളെക്കുറിച്ച് അറിഞ്ഞു തുടങ്ങുന്നത്. അന്നേ വരെ കണ്ടിരുന്ന സിനിമകൾക്ക് ഒരു കടിഞ്ഞാൺ ഇട്ടുകൊണ്ട്, കഥയ്ക്കും സംഗീതത്തിനും തിരക്കഥയ്ക്കും ദൃശ്യ വിരുന്നിനും പ്രാധാന്യം നൽകുന്ന സിനിമകൾ കണ്ടുതുടങ്ങി. അങ്ങനെ സിനിമ പ്രേമി എന്ന രീതിയിൽ വളർന്നു കൊണ്ടിരിക്കുന്ന എനിക്ക് മുൻപിൽ ഒരു ദൈവദൂതനെന്നപോൽ വന്നു ചേർന്ന അവസരമായിരുന്നു കൊടുങ്ങല്ലൂരിൽ വച്ചു നടന്ന അന്താരാഷ്ട്ര  ചലച്ചിത്രോത്സവം.

 

2024 മാർച്ച്‌ 7 ന് കൊടുങ്ങല്ലൂരിലെ ശ്രീകാളിശ്വരി തിയേറ്ററിൽ വെച്ചു നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നാലു ദിവസങ്ങളിലായി 30 ഓളം സിനിമകളാണ് പ്രദർശിപ്പിച്ചിരുന്നത്. മലയാളവും ജർമ്മനും ജപ്പാനും പോളിഷും ഭാഷകളിൽ ഒട്ടനവധി ദൃശ്യ വിരുന്നൊരുക്കിയായിരുന്നു ഫെസ്റ്റിവൽ നടന്നിരുന്നത്. ഞാൻ കണ്ടു തീർത്ത സിനിമകൾ തികച്ചും വ്യത്യസ്തവും അവതരണ ശൈലികൊണ്ടും അവിസ്മരണമാക്കിയിരുന്നു. ചിലത് മുഷിപ്പിച്ചെങ്കിലും കഥാതന്തുകൊണ്ട് മനസ്സിനെ കീഴടക്കി.

 






IFF@K യിൽ രണ്ടാം ദിനം പ്രദർശിപ്പിച്ച സിനിമകളിൽ ഏറെ മനസ്സിൽതട്ടിയ സിനിമയായിരുന്നു "ദി ഗ്രീൻ ബോർഡർ". 2023 ൽ പുറത്തിറങ്ങിയ ദി ഗ്രീൻ ബോർഡർ പോളിഷ് ഭാഷയിൽ അഗ്നിസ്ക് ഹോളണ്ടാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബെലാറസ്-യൂറോപ്യൻ യൂണിയൻ അതിർത്തി പ്രതിസന്ധിയിൽ കുടുങ്ങിയ കുടിയേറ്റക്കാരുടെ ദുരവസ്ഥയാണ് സിനിമയുടെ പശ്ചാത്തലം. എക്കാലത്തും ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളിലോന്നാണ് അഭയാർത്ഥികൾക്കെതിരെയുള്ള അക്രമങ്ങൾ. പട്ടിണിയില്ലായ്മയ്ക്കും സ്വസ്ഥ ജീവിതത്തിന് വേണ്ടിയും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്കിടയിൽ നഷ്ടപ്പെട്ട ജീവിതം പുനർനിർമ്മിക്കുന്നതിനും വേണ്ടിയും മനസ്സില്ലാ മനസോടെ സ്വന്തം മാതൃരാജ്യം ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന ജനങ്ങളെക്കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ ? ഇക്കാലമത്രയും മാതൃരാജ്യത്തിൽ ജീവിച്ച് മറ്റൊരു രാജ്യത്തിന്റെ അഭയാർത്ഥികളായ അവരുടെ മനസികാവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? പട്ടിണിയും മാറാ രോഗങ്ങളും വേട്ടയാടുമ്പോൾ വരും തലമുറകളെങ്കിലും നല്ല ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ജനതയെ നാം എപ്പോഴെങ്കിലും ഓർത്തു നോക്കിയിട്ടുണ്ടോ ? അത്തരം സ്വസ്ഥ ജീവിതത്തിനു വേണ്ടിയും പട്ടിണിയും മതപ്രശ്നങ്ങളും ഇല്ലാത്ത ലോകത്തിനു വേണ്ടിയും പോരാടുന്ന ഒരു കൂട്ടം ജനതയുടെ പോരാട്ടമാണ് സംവിധായകൻ സിനിമയിലൂടെ നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.

 

ബെലാറസിൽ നിന്നും പോളണ്ടിലേക്ക് പാലായനം ചെയ്യുന്ന അഭയാർത്ഥികൾക്കൊപ്പം യാത്ര ചെയ്യുന്ന കുടുംബത്തിനെ ആസ്പതമാക്കി നിർമിച്ച ചലച്ചിത്രത്തിലുടനീളം അവർ അനുഭവിക്കുന്ന വേദനകളെയും കഷ്ടതകളെയും തിരക്കഥാക്കൃത്ത് വ്യക്തമായി അവതരിപ്പിക്കുന്നു. അഭയാർത്ഥികൾക്കെതിരെ നടത്തുന്ന പോളിഷ് ഉദ്യോഗസ്ഥരുടെ ക്രൂരത നിറഞ്ഞ മനോഭാവത്തെ ചിത്രത്തിൽ ആവിഷ്കരിക്കുന്ന രീതി വളരെ പ്രശംസനീയമാണ്. പോലീസ് ഉദ്യോഗസ്ഥരെ അവർക്കു നേരെ നടത്തുന്ന ക്രൂര മനോഭാവത്തെ പ്രേക്ഷക മനസ്സുകളിൽ വേദനയുണ്ടാക്കുന്നു. അതിനു ഏറ്റവും വലിയൊരു ഉദാഹരണം, ആഫ്രിക്കയിൽ നിന്നും പാലായനം ചെയ്ത ഒരു ചെറു കുടുംബത്തിലെ ഗർഭിണിയായ സ്ത്രീയെ പോളിഷ് അതിർത്തിയിൽ നിന്നും ബെലാറസ് അതിർത്തിയിലേക്ക് പോലീസ് വാഗണിൽ നിന്നും നിഷ്കരുണം വലിച്ചെറിയുന്ന ദൃശ്യത്തിൽ നിന്നും തന്നെ നമുക്ക് മനസിലാക്കാൻ കഴിയുന്നതാണ് ലോകം അഭയാർത്ഥികളോട് കാണിക്കുന്ന ക്രൂരത. മറ്റൊരു സംഭവം എന്തെന്നാൽ ഒരു തുള്ളി ദാഹ ജലത്തിനു വേണ്ടി യാചിക്കുന്ന യുവതിയുടെ മുൻപിൽ ഒരു ദക്ഷണ്യവും ഇല്ലാതെ നിലത്തൊഴിച്ചു കളയുന്ന ഒട്ടും കരുണയില്ലാത്ത ഉദ്യോഗസ്ഥനെ മൃഗത്തിനോട് പോലും ഉപമിക്കാൻ കഴിയില്ല.

ബെലാറസിനും പോളണ്ടിനും ഇടയ്ക്കുള്ള ചതുപ്പ് നിലത്തിൽ വാഗനിൽ നിന്നും രക്ഷപ്പെട്ട യുവതിയോടൊപ്പം ഉണ്ടായിരുന്ന ഒരു ബാലൻ ചതുപ്പിൽ ശ്വാസം ലഭിക്കാതെ അബോധവസ്ഥയിൽ ആവുകയും ചതുപ്പിൽ താഴ്ന്നു പോകുന്ന ദൃശ്യം ഇപ്പോഴും കണ്ണ് നനയിക്കുന്ന സംഭവമാണ്. അവർക്കിടയിൽ ആശ്വാസമായി എത്തുന്ന സാമൂഹ്യ ആക്റ്റീവിസ്റ്റുകളും പത്ര പ്രവർത്തകയും(ജോലിയെകുറിച്ച് കൃത്യമായി ഓർമ്മയില്ല) മനുഷ്വത്വത്തിന്റെ നേർത്ത ആശ്വാസം നൽകുന്നു. അവർ രക്ഷപ്പെടുത്തിയ ചില ആഫ്രിക്കൻ വംശജരായ കുട്ടികളുടെ സന്തോഷം, ഭരണകൂടത്തിന്റെ മനുഷ്യത്വമില്ലായ്മയെ തുറന്നു കാണിക്കുകയാണ് സംവിധായകൻ.

 

സിനിമയുടെ അവസാനം ഒരു ആർമി ഉദ്യോഗസ്ഥൻ നഗ്നമേനിയിൽ കിടക്കയിലേക്ക് വീഴുന്നത് നമുക്ക് കാണാൻ സാധിക്കുന്നു. മനുഷ്യന്മാർ എല്ലാം തുല്യരാണെന്നും അവർ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു പുറത്തേക്ക് വന്നാൽ വെറും നഗ്ന ശരീരം മാത്രമായി അവശേഷിക്കുന്ന വെറും വസ്തുവാണെന്ന അർത്ഥം വരുന്ന ദൃശ്യമായിരുന്നു അത്. മനുഷ്യൻ എത്രയധികം ഉയരങ്ങൾ കീഴടക്കിയാലും എല്ലാ മനുഷ്യ ജന്മങ്ങളും മറ്റു ജീവജാലങ്ങളെ പോലെ തന്നെയാണ്. നഗ്നതയിൽ ചെറിയവനെന്നോ വലിയവനെന്നോ പണം ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ എന്നില്ല... എല്ലാവരും തുല്യർ....!

 ഒരു കാര്യം കൂടി ഓർമിപ്പുച്ചുകൊണ്ട് നിർത്തട്ടെ, മതത്തിനും ജാതിക്കും ആത്മാഭിമാനത്തിനും അപ്പുറം ഒരു രാഷ്ട്രത്തിനും ഒരു ജനതയ്ക്കും വേണ്ടത് മനുഷ്യത്വമാണ്.


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീവൻ ഇല്ലാത്ത പ്രണയം