ഓപ്പോണന്റ്


Sanil Kumar

MA Malayalam


ആകുലതയുടെ നിഴലുകൾ



Iff@K യുടെ ഒന്നാം ദിനം പ്രദർശിപ്പിച്ച എട്ടു സിനിമകളിൽ ഒന്നായിരുന്നു മിലാദ് അലാമി സംവിധാനം ചെയ്ത ഓപ്പോണന്റ്. ഗുസ്തി താരമായ ഇമാൻ എന്ന കേന്ദ്ര കഥാപാത്രവും കുടുംബവും അഭയാർത്ഥികളായി സ്വീഡനിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. അഭയാർത്ഥികളായി എത്തുന്ന മനുഷ്യർ അനുഭവിക്കുന്ന ഗൃഹാതുരത്വവും നിയമപരവും മാനസികപരവുമായ മറ്റു പ്രശ്നങ്ങളും സിനിമയിൽ ചിത്രീകരിക്കുന്നുണ്ട്. അഭയാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്കൊപ്പം സിനിമ മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയം അസ്ഥിത്വമാണ്. ക്യൂർ വ്യക്തികൾ നേരിടുന്ന മാനസിക സമ്മർദങ്ങളും സംഘർഷങ്ങളും സിനിമ അവിഷ്കരിക്കുന്നുണ്ട്. നൂറ്റിപത്തൊമ്പത് മിനിറ്റുള്ള സിനിമ ഈ വിഷയങ്ങളെ സംഭാഷണത്തിലുപരിയായി ദൃശ്യങ്ങളിലൂടെയാണ് പ്രേക്ഷകരിൽ എത്തിക്കുന്നത്.

 

ഇമാനും കുടുംബവും സ്വന്തം രാജ്യം വിട്ട് സ്വീഡനിലേക്ക് പലായനം ചെയ്യുവാനുള്ള കാരണം അവ്യക്തമായി ആദ്യം തന്നെ സൂചിപ്പിക്കുന്നുണ്ട്. സ്വീഡനിലെ ഉദ്യോഗസ്ഥരോട് വ്യക്തമായ കാരണം ബോധിപ്പിക്കുവാനായില്ലെങ്കിൽ ഇമാനിന്റെയും കുടുംബത്തിന്റെയും അപേക്ഷയെ സ്വീഡൻ ഗവൺമെന്റ് റദ്ധ് ചെയ്യുമെന്ന് അവർ സൂചിപ്പിക്കുന്നുണ്ട്. അമിതമായ അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കുവാൻ ഗവൺമെന്റ് ഇത്തരം കടുത്ത നയങ്ങൾ സ്വീകരിക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ടും ഉപേക്ഷിച്ചും ഉറ്റവരുമായി പരാശ്രയത്തിനായി എത്തുന്ന അഭയാർത്ഥികൾ കൂടുതൽ ദുരിതങ്ങൾക്ക് പാത്രമാകുന്നു. ഓരോ തവണ താമസസ്ഥലം മാറുമ്പോഴും അവിടെ മുമ്പ് താമസിച്ചിരുന്നവരെ കുടിയൊഴിപ്പിക്കുന്ന ദൃശ്യങ്ങളിലെ സംഘർഷങ്ങളും സംഘട്ടനങ്ങളും അവശേഷിപ്പിക്കുന്ന അടയാളങ്ങളും കൂടുതൽ തീവ്രമായി അവിടെ നിലകൊള്ളുന്നു. അവരുടെ അവസ്ഥ ഏത് സമയവും തങ്ങളും നേരിടേണ്ടിവരുമെന്ന ഭീതിയോടുകൂടിയല്ലാതെ ഇമാനും കുടുംബത്തിനും ഒരോ ഇടത്തും താമസിക്കുവാനാക്കുന്നില്ല. തന്റെ അപേക്ഷ അംഗീകരിക്കപ്പെടുന്നതിനായി സ്വീഡൻ ഗുസ്തി ടീമിൽ അംഗമാകുവാൻ തയാറാകുന്നു ഇമാൻ. ഉദ്യോഗസ്ഥരുടെ വഞ്ചനയ്ക്ക് പാത്രമാകുന്ന ഒരു അഭയാർത്ഥി, അവിടം വരെ എന്നിച്ചേരുവാൻ തന്റെ വൃക്ക വിറ്റു കൊണ്ടാണ് പണം കണ്ടെത്തുന്നത്. ഒടുക്കം അയാളുടെ പ്രയത്നങ്ങൾ ആത്മഹത്യയിലാണ് അവസാനിക്കുന്നത്.


സ്വവർഗ്ഗാനുരാഗത്തിന്റെ സൂചനകൾ വാക്കുകളിലൂടെയല്ല മറിച്ച് ക്ഷണനേര ദൃശ്യങ്ങളിലൂടെയാണ് അവതരിപിക്കപ്പെടുന്നത്. കേന്ദ്രകഥാപാത്രമായ ഇമാൻ ബൈസെക്ഷ്വൽ ആയിട്ടുള്ള ഒരു വ്യക്തിയാണ്. ഗുസ്തി ടീമിലെ ഒരു അംഗമായ തോമസ്സിന് ഇമാനോടു തോന്നുന്ന അടുപ്പം പരിധിയിൽ കൂടുതലാകാതിരിക്കുവാൻ ഇമാൻ പരിശ്രമിക്കുന്നുണ്ട്. ഗർഭിണിയായ ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വബോധവും സ്വവർഗ്ഗനുരാഗവും തമ്മിലുള്ള സങ്കീർണമായ ഏറ്റുമുട്ടലുകൾ ഇമാറിന്റെ ഉള്ളിൽ നടക്കുന്നു. ഈ സംഘർഷം മൂലം ഒരു ഘട്ടത്തിൽ ഇമാന് തന്റെ കുടുംബം നഷ്ടമാകുന്ന അവസ്ഥയും ഉണ്ടാകുന്നു. ഗുസ്തി മത്സര ക്യാമ്പിലെ പ്രകടനവും പര്യാപ്തമാകാതെ വരുമ്പോൾ തന്റെ ഉള്ളിലെ ഉഭയലിംഗ വ്യക്തിത്വത്തെ പ്രശ്നമാക്കി കൊണ്ട് ഒരു കള്ളക്കഥ എന്ന നിലയിൽ ഉദ്യോഗസ്ഥരുടെ മുന്നിൽ ഇമാൻ അവതരിപ്പിക്കുന്നുണ്ട്. സത്യം കള്ളമായി ഭാര്യയുടെ മുന്നിൽ അവതരിപ്പിക്കുന്നതും തന്റെ ഈ വ്യക്തിത്വം സമൂഹനീതിക്ക് നിരക്കാത്തതാണെന്ന ബോധവും കുടുംബം തകരാതിരിക്കാനും വേണ്ടിയായിരിക്കണം. എന്നാൽ മറിയ ഇമാനെ ഉപേക്ഷിച്ച് കുട്ടികളുമായി തിരിച്ച് ഇറാനിലേക്ക് മടങ്ങുന്നു. കുടുംബ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമാമൊരു ജീവിതം നയിക്കുവാൻ മറിയ, ഇമാനൊരു അവസരം സൃഷ്ടിച്ചു കൊടുക്കുന്നു. എന്നാൽ താൻ അറസ്റ്റ് ചെയ്യപ്പെടുമെന്നറിഞ്ഞിട്ടും ഇമാൻ തിരിച്ച് അവരിലേക്കു തന്നെ മടങ്ങുന്നു. ആരും അറിയാതെ രാത്രിയുടെ ഇരുട്ടിൽ ഇമാൻ അറസ്റ്റ് ചെയ്യപ്പെടുന്നിടത്ത് സിനിമ അവസാനിക്കുന്നു.





യഥാർത്ഥ അസ്ഥിത്വവും സമൂഹനിർമ്മിത വ്യക്തിത്വവും എതിരാളികളായി നടക്കുന്ന ഏറ്റുമുട്ടൽ ഒപ്പോണന്റ് എന്ന സിനിമ മികച്ചരീതിയിൽ ചിത്രീകരിക്കുന്നുണ്ട്. ഇമാൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്കൊടുവിൽ തന്റെ കുടുംബത്തിലേക്ക് തിരികെ ചെല്ലുന്നത് സാമൂഹ്യ ധാർമികതയെ നീതീകരിക്കുന്നതായി തോന്നുന്നു. രണ്ട് അസ്ഥിത്വങ്ങൾ കൂടുതൽ സങ്കീർണമാകുന്നിടത്ത് ഇമാന്റെ തിരഞ്ഞെടുപ്പ് ഒരിക്കലും അവസാനത്തേതല്ല എന്ന ആകുലത ഓരോ അവസരത്തിലും കഥാപാത്രത്തിൽ നിഴലിക്കുന്നു. അഭയാർത്ഥികളുടെ കലുഷിതമായ ജീവിതാവസ്ഥയുടെ വിരസതയും ദ്വയാസ്ഥിത്വ സംഘർഷത്തിന്റെ സങ്കീർണതയും ഇമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പേമാൻ മാദി പ്രേക്ഷകരിൽ അനുഭവഭേദ്യമാകും വിധം മികവോടെ പ്രതിഫലിപ്പിക്കുന്നു. ജീവിതത്തിലെ സന്തോഷത്തിന്റെയും നിരാശയുടെയും വിവിധ തലങ്ങളെ ക്യാമറാ കണ്ണുകളുടെ, സാങ്കേതിക വിദ്യയുടെ വിവിധ വീക്ഷണകോണുകളെ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ട് നിർമ്മിക്കപ്പെട്ട ഒപ്പോണന്റ് എന്ന ഈ സിനിമ പുതിയൊരു ദൃശ്യാനുഭവമായി തീരുകയും ചെയ്യുന്നു.


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീവൻ ഇല്ലാത്ത പ്രണയം