എന്റെ കലാലയം ജ്യോതി III BA History ആർത്തലച്ചുപെയ്യുന്ന മഴയില്ലാത്ത ചുട്ടുപൊള്ളുന്ന വേനലില്ലാത്ത ഒരു നവംബർ മാസപുലരിയിലാണ് എന്റെ കലാലയ ജീവിതത്തിന്റെ തുടക്കം..... ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഞാൻ അന്നാദ്യമായി ഈ കലാലയത്തിന്റെ പടികൾ കയറുമ്പോൾ ചുറ്റും ആർപ്പുവിളികളാലും മുദ്രാ വാക്യങ്ങളാലും നിറഞ്ഞിരുന്നു.... സ്കൂൾ ജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു അന്തരീക്ഷം തന്നെ.... നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയുന്ന ഒരു കലാലയം. അതായിരുന്നു എന്റെ കലാലയം. കവാട വീഥിയിലൂടെയുള്ള മരച്ചില്ലകളിൽ പൂത്തുനിൽക്കുന്ന മഞ്ഞ മന്ദാരവും പരവതാനി തീർത്ത ഗുൽമോഹറും എന്തുകൊണ്ടോ എന്നിൽ ഇടംപിടിച്ചിരുന്നു... കലാലയത്തിന്റെ ചിലയിടങ്ങളിലാണേൽ കലയും വിപ്ലവവും പ്രണയവും നിറഞ്ഞ ചുവരെഴുത്തുകളും കാണാമായിരുന്നു...എനിക്ക് ചുറ്റുമാണേൽ തികച്ചും അപരിചിതത്വം മാത്രം. ഞാൻ ഇന്നേ വരെ കണ്ടിട്ടില്ലാത്ത പലമുഖങ്ങളും എന്റെ കൺമുൻപിലുടെ മിന്നിമായുന്നുണ്ടായിരുന്നു...